``തങ്ങളുടെ ശരീരഘടനയിലെ വ്യത്യാസത്തെ കുറിച്ച്‌ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ചുപുലര്‍ത്താന്‍ പാടില്ല. ശരീരം പരസ്‌പരം മറച്ചുപിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണ്‌. ശരീരം എത്ര മനോഹരമാണെന്ന്‌ കുട്ടികള്‍ മനസ്സിലാക്കണം. അതിനാല്‍ അവര്‍ ഉടുവസ്‌ത്രത്തിന്റെ മറയില്ലാത്ത അവയവങ്ങളുമായി മറ്റുള്ളവരോടൊപ്പം കളിക്കട്ടെ'' -ഒരു പുസ്‌തകവായനയില്‍ നിന്ന്‌ കിട്ടിയ ഈ വരികളോട്‌  പ്രതികരണമെന്താണ്‌?



ഈ വരികള്‍ എഴുതിയ ആളുടെ അഭിപ്രായം എല്ലാ പ്രായത്തിലുള്ള മനുഷ്യരും ശരീരം ഒട്ടും മറച്ചുവെക്കാതെ നടക്കണമെന്നാണോ അതല്ല കുട്ടികള്‍ മാത്രം അങ്ങനെ ചെയ്യണമെന്നാണോ എന്ന്‌ വ്യക്തമല്ല. മറച്ചുപിടിക്കാനുള്ള വ്യഗ്രത പ്രകൃതിവിരുദ്ധമാണെങ്കില്‍ വസ്‌ത്രം ധരിക്കുന്ന മനുഷ്യരൊക്കെ പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവരാണെന്ന്‌ വരും. എന്നാല്‍ പ്രകൃതി വിരുദ്ധ രതിയെ ന്യായീകരിക്കുന്നവര്‍ പോലും ഗുഹ്യഭാഗമെങ്കിലും മറയ്‌ക്കുന്ന വസ്‌ത്രം ധരിച്ചാണ്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നാഗരിക സമൂഹവുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താത്ത ആദിവാസികള്‍ പോലും നാണം മറയ്‌ക്കാറുണ്ടെന്നാണ്‌ അവരെ സംബന്ധിച്ച ഫീച്ചറുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. വനവാസികളായ മനുഷ്യര്‍ ഒരു നാട്ടിലും വന്യമൃഗങ്ങളെ പോലെ നാണം മറയ്‌ക്കുന്ന ചിന്ത കൂടാതെ ജീവിക്കുന്നില്ല. 

നമ്മുടെ ആദിമാതാപിതാക്കള്‍ക്ക്‌ തന്നെ നാണം മറയ്‌ക്കണമെന്ന ബോധമുണ്ടായിരുന്നുവെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അറിയിക്കുന്നത്‌. ``അവര്‍ ഇരുവരും (ആദമും ഇണയും) ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി'' (വി.ഖു 7:22). ഇതര ജന്തുക്കള്‍ക്ക്‌ ഇല്ലാത്തതും മനുഷ്യ പ്രകൃതിയുടെ താല്‌പര്യവുമാണ്‌ ഗുഹ്യഭാഗങ്ങള്‍ മറയ്‌ക്കണമെന്ന ബോധം. എന്നാല്‍ എക്കാലത്തും വികൃതാശയങ്ങളുടെ പിന്നാലെ പോയ ചുരുക്കം ചിലര്‍ വസ്‌ത്രധാരണം ഭക്തിക്ക്‌ വിരുദ്ധമാണെന്നോ പ്രകൃതിക്ക്‌ വിരുദ്ധമാണെന്നോ വാദിച്ചുപോന്നിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ) പ്രവാചകനായി നിയോഗിക്കപ്പെട്ട കാലത്ത്‌ ചില അറബികള്‍ നഗ്നരായി കഅ്‌ബയ്‌ക്ക്‌ ചുറ്റും പ്രദക്ഷിണം ചെയ്‌തിരുന്നു. അത്‌ തെറ്റാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: ``ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്‌ത്രങ്ങള്‍ ധരിച്ചുകൊള്ളുക'' (വി.ഖു 7:31). മനുഷ്യശരീരത്തിന്റെ മനോഹാരിത വസ്‌ത്രം കൊണ്ട്‌ തീര്‍ത്തും മറഞ്ഞുപോവുകയല്ല, വസ്‌ത്രം ശരീരത്തിന്‌ അലങ്കാരമാവുകയാണ്‌ ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തില്‍ നിന്നു തെളിയുന്നു.

വസ്‌ത്രത്തെക്കുറിച്ച്‌ മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ``ആദം സന്തതികളേ, നിങ്ങള്‍ക്ക്‌ നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രവും അലങ്കാര വസ്‌ത്രവും നല്‌കിയിരിക്കുന്നു. ധര്‍മനിഷ്‌ഠയാകുന്ന `വസ്‌ത്ര'മാകട്ടെ അതാണ്‌ കൂടുതല്‍ ഉത്തമം'' (7:26). നാണം മറയ്‌ക്കുക എന്നതിന്‌ പുറമെ ഗുഹ്യാവയവങ്ങളെ അമിതമായ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും പരിക്കുകളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കുക എന്നതും വസ്‌ത്രധാരണം കൊണ്ടുള്ള പ്രയോജനമാകുന്നു. ശൈശവത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെല്ലാം പരസ്‌പരം മറകൂടാതെ ശരീരം കാണാന്‍ ഏത്‌ സമൂഹത്തിലും അവസരമുണ്ടാകാറുണ്ടല്ലോ. കൗമാരത്തിലും യൗവനത്തിലും മറയില്ലാത്ത കളി തുടര്‍ന്നാലാണ്‌ അനാരോഗ്യകരമായ പല പ്രവണതകളും ഉണ്ടാവുക. അതൊക്കെ അവര്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. ലൈംഗിക അരാജകത്വം കൊണ്ട്‌ ആര്‍ക്കും ഒരു കാലത്തും മൗലികമായ നേട്ടമുണ്ടായിട്ടില്ല. ശരീരമാകെ മറയുന്ന വസ്‌ത്രം ധരിക്കുന്നവര്‍ക്കും സദാചാരബോധമില്ലെങ്കില്‍ കുഴപ്പമാണ്‌. അതുകൊണ്ടാണ്‌ ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ അല്ലാഹു ഉണര്‍ത്തിയത്‌.

from മുഖാമുഖം @ ശബാബ് 

2 Responses so far.

  1. ശരീരം മറയ്‌ക്കുന്നത്‌ പ്രകൃതിവിരുദ്ധമാണ് അല്ലെങ്ങില്‍ inbuilt ആയിട്ടു ജനിക്കുംപോളെ
    ഞമ്മുക്ക് വസ്ത്രം ഉണ്ടായിരിക്കുമല്ലോ ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

  2. Unknown says:

    പ്രതികരണം ചോദിച്ചതല്ലേ. പറയാം.ശരീരം മാന്യമായ രീതിയിൽ മറയ്ക്കണം. പക്ഷേ മുഖവും കൈകളുമൊക്കെ മറയ്ക്കുന്നതെന്തിനാണ്?

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌