``പ്രവാചകന്മാര്‍ക്ക്‌ പറയാനുള്ളത്‌ പോരാട്ടങ്ങളുടെ ചരിത്രമാണ്‌. സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ്‌ അവര്‍ ജീവിച്ചത്‌. വിശ്വാസികളുടെ ജീവിതത്തില്‍ ഈ തുടര്‍ച്ച ഉണ്ടാവണം. സംയമനം പാലിക്കുക എന്ന മുദ്രാവാക്യം സുഖലോലുപതയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ചില പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും മുദ്രാവാക്യമാണ്‌'' -
തീവ്രവാദ സ്വഭാവമുള്ള ചില കക്ഷികളുടെ ഈ ആരോപണത്തെക്കുറിച്ച്‌ എന്തുപറയുന്നു?

ആനയെ കണ്ട അന്ധന്മാരുടെ മാതൃക പിന്തുടരുന്നവര്‍ക്ക്‌ ഇസ്‌ലാം എന്നാല്‍ രാഷ്‌ട്രമാണെന്നോ പോരാട്ടമാണെന്നോ ദിക്‌റാണെന്നോ സ്വലാത്താണെന്നോ നമസ്‌കാരമാണെന്നോ ഭക്തിയാണെന്നോ സമാധാനമാണെന്നോ മറ്റോ പറയാവുന്നതാണ്‌. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങളും അതിനപ്പുറമുള്ള മറ്റു പലതും ഉള്‍ക്കൊള്ളുന്ന ദൈവിക ജീവിതദര്‍ശനമാണ്‌ ഇസ്‌ലാം എന്നതാണ്‌ യാഥാര്‍ഥ്യം. എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടത്‌ ദൈവികമായ സത്യമതത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടിയാണ്‌. തെറ്റായ വിശ്വാസാചാരങ്ങളും ജീവിത രീതികളും പിന്തുടരുന്നവരായിരുന്നു ഏത്‌ നാട്ടിലെയും ഏത്‌ കാലത്തെയും ഭൂരിപക്ഷം. അതിനാല്‍ പ്രവാചകന്മാരുടെ പ്രബോധനത്തെ അവര്‍ എതിര്‍ക്കുക സ്വാഭാവികമായിരുന്നു. മുന്‍വിധികളില്ലാത്ത സത്യാന്വേഷികള്‍ മാത്രമാണ്‌ മിക്കപ്പോഴും പ്രവാചകന്മാരുടെ ആഹ്വാനം സ്വീകരിച്ചത്‌. പ്രവാചകന്മാരെയും സത്യവിശ്വാസികളെയും നിഷേധികള്‍ ശക്തമായി എതിര്‍ത്തതുകൊണ്ട്‌ പലപ്പോഴും സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും പൂര്‍വ പ്രവാചകന്മാരാരും സ്വന്തം നിലയില്‍ സംഘര്‍ഷമുണ്ടാക്കിയതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല.
മുഹമ്മദ്‌ നബി(സ) പ്രവാചകത്വ ലബ്‌ധിക്കുശേഷം പതിമൂന്നു വര്‍ഷം മക്കയിലാണ്‌ ജീവിച്ചത്‌. അക്കാലത്ത്‌ അദ്ദേഹവും ന്യൂനപക്ഷമായിരുന്ന വിശ്വാസികളും പല തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ പോരാട്ടത്തിനൊന്നും ശ്രമിക്കാതെ സംയമനം പാലിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇസ്‌ലാമിക ചരിത്രം സാമാന്യമായി പഠിച്ചവര്‍ക്കെല്ലാം അറിയാം. അവര്‍ സംയമനം പാലിച്ചത്‌ സുഖലോലുപ ജീവിതം നയിക്കാന്‍ വേണ്ടിയല്ല, സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കാതെ സത്യപ്രബോധനം തുടരാന്‍ വേണ്ടിയാണ്‌. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ സത്യമതത്തെക്കുറിച്ച്‌ അന്വേഷിക്കാനും മനസ്സിലാക്കാനുമുള്ള താല്‌പര്യം കുറയുകയാണ്‌ ചെയ്യുകയെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും അറിയാം. മക്കയിലെ പീഡനം അസഹനീയമായപ്പോള്‍ നബി(സ)യും അനുചരരും മദീനയിലേക്ക്‌ പലായനം ചെയ്യുകയാണുണ്ടായത്‌. വീടും സ്വത്തും ജന്മനാടും വിട്ടുകൊണ്ടുള്ള പലായനത്തിലും സംയമനമാണ്‌, പോരാട്ടത്തിനുള്ള ഒരുക്കമല്ല തെളിഞ്ഞുകാണുന്നത്‌. മദീനയില്‍ നിന്ന്‌ നബി(സ)യും സ്വഹാബികളും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മിക്കവര്‍ക്കും അറിയാം. അതൊക്കെയും സത്യവിശ്വാസികള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു.
അതിനിടയിലും സംയമനത്തിലൂടെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അതു മുഖേന പ്രബോധന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നബി(സ) ശ്രമിച്ചിട്ടുണ്ട്‌. മദീനയിലെ വിവിധ ഗോത്രങ്ങളുമായി അദ്ദേഹം സന്ധിയിലേര്‍പ്പെട്ടതും ഹുദയ്‌ബിയയില്‍, വലിയ വിട്ടുവീഴ്‌ചകള്‍ ചെയ്‌തുകൊണ്ട്‌ മക്കയിലെ ശത്രുക്കളുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതും മക്കാ വിജയവേളയില്‍, മുമ്പ്‌ മുസ്‌ലിംകളെ ദ്രോഹിച്ചവര്‍ക്കെല്ലാം മാപ്പ്‌ നല്‌കിയതും സംയമനത്തിന്റെ അപാരമായ സാധ്യതകള്‍ സത്യപ്രബോധനത്തിന്‌ ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു.
ഇതിന്റെയൊക്കെ ഫലമായി അറേബ്യയുടെ പല ഭാഗങ്ങളിലും സമാധാനാന്തരീക്ഷം സംജാതമാവുകയും ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ കടന്നുവരികയും ചെയ്‌ത സംഭവം വിശുദ്ധ ഖുര്‍ആനില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട്‌ പോരാടാനല്ല, അവര്‍ക്ക്‌ സമാധാനമാശംസിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (25:63) അല്ലാഹു ആജ്ഞാപിക്കുന്നത്‌. ഇത്‌ എക്കാലത്തേക്കുമുള്ള അധ്യാപനമാണ്‌. അറിയുന്നവരും അറിയാത്തവരുമായ ആരെക്കണ്ടാലും `അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ) എന്ന്‌ പറയാനാണ്‌ നബി(സ) നിര്‍ദേശിച്ചത്‌. ഇതിന്‌ പകരം `നിങ്ങളെ ഞാന്‍ പോരാട്ടത്തിന്‌ വെല്ലുവിളിക്കുന്നു' എന്ന്‌ പറയുകയോ വാക്കിലും പ്രവൃത്തിയിലും സദാ ശത്രുതാഭാവം പ്രകടിപ്പിക്കുകയോ ആണ്‌ പ്രവാചകന്മാരുടെ പാരമ്പര്യമെന്ന്‌ സമര്‍ഥിക്കുന്നവര്‍ ദൈവിക മതത്തെ കീഴ്‌മേല്‍ മറിക്കുകയാണ്‌ ചെയ്യുന്നത്‌.




from മുഖാമുഖം @ ശബാബ് വാരിക

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌