Archive for September 2010


പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലും ഹിജടകളാണല്ലോ. ഇവര്‍ക്ക് എതിര്‍ലിംഗത്തോട് തീരെ ആഭിമുഖ്യം ഉണ്ടാവുകയില്ല എന്നാണതിനു ശാസ്ത്രം കാരണം പറയുന്നത്. ലൂത്ത് (അ)ന്‍റെ ജനത ചെയ്തിരുന്നത് അവര്‍ക്ക് എതിര്‍ലിംഗത്തോട് ആഭിമുഖ്യമുള്ളപ്പോള്‍ തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൂത്ത് (അ)ന്‍റെ ജനതയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ ഹിജടകളെക്കുറിച്ച് ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? ഇല്ലെങ്കില്‍ ഹിജടകള്‍ ചെയ്യുന്ന പ്രകൃതി വിരുദ്ധ ലൈംഗികതയെ തെറ്റ് പറയാന്‍ എങ്ങനെ സാധിക്കും?

ഹിജടകളുടെ എണ്ണം പല നാടുകളിലും വളരെ കുറവാണ്. ചില വന്‍ നഗരങ്ങളിലാണ് അവരുടെ സാന്നിധ്യം കൂടുതലുള്ളത്. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗികത ഇവര്‍ക്കിടയിലാണ് കൂടുതല്‍ ഉള്ളതെന്ന് തെളിയിക്കുന്ന പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ  കണ്ടിട്ടില്ല. പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ വേണ്ടി വന്‍പ്രകടനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗം പുരുഷന്മാരോ സ്ത്രീകളോ തന്നെയാണ്. ലൂത്ത് നബി (അ)യുടെ കാലത്തെ സ്വവര്‍ഗരതിക്കാര്‍ ഹിജടകളായിരുന്നുവെന്നതിനു തെളിവൊന്നുമില്ല. 

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് പുരുഷന്‍, സ്ത്രീ എന്നീ രണ്ടു വിഭാഗങ്ങളായിത്തന്നെ യാണെന്നത്രെ  അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നപുംസകത്വം ഒരു ലൈംഗിക വൈകല്യം മാത്രമാണ്. എല്ലാ ഹിജടകളും ലൈംഗികഘടനക്ക് അപൂര്‍ണ്ണതയോ വൈകല്യമോ സംഭവിച്ചവരാണ്. ചിലരില്‍ പുരുഷത്വം അപൂര്‍ണ്ണ രൂപത്തിലുണ്ടാവും. ചിലരില്‍ സ്ത്രീത്വം അപൂര്‍ണ്ണ രൂപത്തി ലുണ്ടാവും. മതവിധികളുടെ കാര്യത്തില്‍, പുരുഷസ്വഭാവം മുന്നിട്ടുനില്‍ക്കുന്നവരെ പുരുഷന്മാരായും സ്ത്രൈണ സ്വഭാവം മുന്നിട്ടു നില്‍ക്കുന്നവരെ സ്ത്രീകളായും ഗണിക്കണമെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാലത്ത് ശാസ്ത്രക്രിയ മുഖേന ഈ അപൂര്‍ണത മാറ്റി അവരെ യഥാര്‍ത്ഥ പുരുഷന്മാരോ സ്ത്രീകളോ ആക്കിത്തീര്‍ക്കുക സാധ്യമാണ്. ചില പ്രദേശങ്ങളിലുള്ളവര്‍ പൊതുവെ ഇതിനെക്കുറിച്ച്‌ ബോധവാന്‍മാരല്ലാത്തത്കൊണ്ടാണ് അവിടെ ഹിജടകള്‍ കൂടുതലായി കാണപ്പെടുന്നത്. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നപുംസകങ്ങള്‍ക്കും അത് നിഷിദ്ധം തന്നെയാണ്. നപുംസകം എന്ന പ്രതിഭാസത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല. 

from മുഖാമുഖം @ ശബാബ് 

അല്ലാഹു പറയുന്നു: ``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍ അവര്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു. നിശ്ചയമായും നാമാണ്‌ ഇത്‌ ഇറക്കിയത്‌. നാം തന്നെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഖുര്‍ആന്‍ നൂറ്‌ ശതമാനം ശരിയാണെന്നും അതില്‍ യാതൊരു അബദ്ധവും കൈകടത്തലും വന്നിട്ടില്ലെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. മനുഷ്യര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ കൈകടത്തലുകളും അബദ്ധങ്ങളും സംഭവിക്കുമെന്ന്‌ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകത്ത്‌ ഏറ്റവും ആധികാരികമായതാണല്ലോ സ്വഹീഹുല്‍ ബുഖാരി. ഇത്‌ നൂറു ശതമാനം ശരിയാണെന്ന്‌ ലോകമുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
എന്നാല്‍ ബുഖാരിയില്‍ മൂസാ(അ) മലക്കുല്‍മൗത്തിന്റെ കണ്ണ്‌ പൊട്ടിച്ചു, നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു, മൂസാ(അ) നഗ്‌നനായി ബനൂഇസ്‌റാഈല്യരുടെ ഇടയിലൂടെ ഓടി തുടങ്ങിയ സംഭവങ്ങള്‍ പറയുന്നുണ്ട്‌. ഇത്‌ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക്‌ എതിരല്ലേ? സ്വഹീഹുല്‍ ബുഖാരി മനുഷ്യന്‍ രചിച്ച ഗ്രന്ഥമെന്ന നിലക്ക്‌ അതില്‍ പിഴവ്‌ സംഭവിക്കാന്‍ സാധ്യതയില്ലേ? ഈ നിലക്ക്‌ മേല്‌പറഞ്ഞ ഹദീസുകള്‍ ഒരാള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അയാള്‍ ഹദീസ്‌ നിഷേധിയാകുമോ?

``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍....'' എന്നല്ല ``അത്‌ അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതാണെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലുള്ളത്‌(4:82). ഖുര്‍ആന്‍ പൂര്‍ണമായി അല്ലാഹുവിന്റെ വചനങ്ങളാണെന്ന കാര്യത്തില്‍ യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ സംശയത്തിന്നവകാശമില്ല. എന്നാല്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തിന്റെ അവസ്ഥ അങ്ങനെയല്ല. അതില്‍ ഇമാം ബുഖാരി പ്രകടിപ്പിച്ച അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളുമുണ്ട്‌. അതിലെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം നബി(സ)യില്‍ നിന്ന്‌ സനദ്‌ (നിവേദക പരമ്പര) സഹിതം ഉദ്ധരിച്ച ഹദീസുകളാണ്‌. സ്വഹാബികളുടെ വാക്കുകള്‍ സനദ്‌ സഹിതം ഉദ്ധരിച്ച റിപ്പോര്‍ട്ടുകളും ചുരുക്കത്തിലുണ്ട്‌. സഹീഹുല്‍ ബുഖാരിയുടെ ശ്രദ്ധേയമായ സവിശേഷത ഓരോ ഹദീസും തനിക്ക്‌ കിട്ടിയത്‌ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെയാണെന്ന്‌ ഉറപ്പ്‌ വരുത്താന്‍ ഇമാം ബുഖാരി പരമാവധി ശ്രമിച്ചിട്ടുണ്ട്‌ എന്നതാണ്‌.
എന്നാലും തന്റെ ഗ്രന്ഥത്തില്‍ വൈരുധ്യങ്ങളൊന്നും കാണപ്പെടുകയില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. തനിക്കോ തന്റെ ഗുരുപരമ്പയിലുള്ളവര്‍ക്കോ മാനുഷികമായ തെറ്റുകളൊന്നും പറ്റാന്‍ സാധ്യതയില്ലെന്ന്‌ അദ്ദേഹം വാദിച്ചിട്ടുമില്ല. നബി(സ) ഒരു കാര്യം ചെയ്‌തുവെന്നോ പറഞ്ഞുവെന്നോ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടാല്‍ അത്‌ വാസ്‌തവമാകാനാണ്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌. എന്നാലും സ്വഹാബികള്‍ക്ക്‌ ശേഷമുള്ള റിപ്പോര്‍ട്ടര്‍മാരില്‍ വിശ്വസ്‌തരായി പൊതുവെ അറിയപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെ ഓര്‍മക്കുറവോ ആശയക്കുഴപ്പമോ ബാധിച്ച വല്ലവരും ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന്‌ പറയാനാവില്ല.
സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ബാരിയില്‍ ബുഖാരിയിലെ ചുരുക്കം ചില ഹദീസുകള്‍ വിമര്‍ശന വിധേയമായ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ചില വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ അദ്ദേഹം സമര്‍ഥിച്ചിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ നൂറു ശതമാനം സത്യമാണെന്ന്‌ വിശ്വസിക്കല്‍ ഒരു ഈമാന്‍ കാര്യമെന്ന നിലയില്‍ പ്രമുഖ പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ഇങ്ങനെയൊരു `വിശ്വാസ കാര്യ'ത്തെക്കുറിച്ച ധാരണപോലും ഇല്ലാതെയാണല്ലോ മഹാന്മാരായ സ്വഹാബികളും തൊട്ടടുത്ത തലമുറയും ജീവിച്ചത്‌. എന്നാല്‍ നബി(സ)യുടെ ഒരു വാക്ക്‌ നേരിട്ടു കേള്‍ക്കുകയോ വിശ്വസ്‌തര്‍ ഉദ്ധരിച്ചത്‌ കേള്‍ക്കുകയോ ചെയ്‌താല്‍ അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുക എന്ന നിലപാടാണ്‌ സ്വഹാബികളുടെ കാലം മുതല്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവര്‍ സ്വീകരിച്ചുപോന്നത്‌. മുഹമ്മദ്‌ നബി(സ) തന്നിഷ്‌ടപ്രകാരമല്ല, അല്ലാഹുവിന്റെ ബോധന പ്രകാരമാണ്‌ സംസാരിക്കുന്നത്‌ എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (53:3,4) വ്യക്തമാക്കിയിട്ടുണ്ട്‌. ദിവ്യബോധനം ലഭിച്ച പ്രവാചകനില്‍ നിന്ന്‌ വിശ്വസ്‌തര്‍ മുഖേന ഉദ്ധരിക്കപ്പെട്ട വചനങ്ങളും നടപടികളും സമാഹരിച്ച ഗ്രന്ഥത്തെ കേവലമൊരു മനുഷ്യരചന എന്ന നിലയിലല്ല വിലയിരുത്തേണ്ടത്‌. അതുകൊണ്ടുതന്നെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികതയുള്ള ഗ്രന്ഥം എന്ന നിലയില്‍ സ്വഹീഹുല്‍ ബുഖാരിയെ മുസ്‌ലിംലോകം പരിഗണിച്ചുപോരുന്നത്‌. എന്നാല്‍ ബുഖാരി സ്വന്തം നിലയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കോ നബി(സ)ക്കു ശേഷമുള്ള ആരുടെയെങ്കിലും വാക്ക്‌ ഉദ്ധരിച്ചതിനോ ഈ പ്രാമാണികതയില്ല. പണ്ഡിതാഭിപ്രായം എന്ന പരിഗണനയേ അതിനൊക്കെ നല്‌കേണ്ടതുള്ളൂ.
ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ബുഖാരിയുടെ റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ക്ക്‌ തികച്ചും വിരുദ്ധമാണോ അല്ലേ എന്നത്‌ സൂക്ഷ്‌മ പരിശോധന ആവശ്യമുള്ള കാര്യമാണ്‌. ഏതെങ്കിലുമൊരു ഹദീസ്‌ ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ സൂക്ഷ്‌മ പരിശോധനയില്‍ തെളിയുകയാണെങ്കില്‍ ആ ഹദീസിന്‌ പ്രാമാണികത കല്‌പിക്കാവുന്നതല്ലെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഒന്നാം പ്രമാണത്തിനാണല്ലോ രണ്ടാം പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‌കേണ്ടത്‌. ഹദീസിന്റെ മൊത്തം പ്രാമാണികതയെ നിഷേധിക്കുന്നതും ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ വ്യക്തമായ ഒന്നോ രണ്ടോ ഹദീസുകള്‍ അംഗീകരിക്കാതിരിക്കുന്നതും ഒരുപോലെയല്ല. ഒരു പണ്ഡിതന്‍ പ്രാമാണികമെന്ന്‌ അഭിപ്രായപ്പെട്ട ഹദീസ്‌ ഇന്ന കാരണത്താല്‍ പ്രാമാണികമല്ലെന്ന്‌ മറ്റൊരു പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുക എന്നത്‌ പൂര്‍വകാലത്ത്‌ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അതിന്റെ പേരില്‍ ആരും ആരെയും ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കിയിട്ടില്ല.
from മുഖാമുഖം @ ശബാബ് വാരിക


`വസഖ്‌ഖറശ്ശംസ വല്‍ഖമറ കുല്ലുന്‍ യജ്‌രീ ഇലാ അജലിന്‍ മുസമ്മാ', `ജന്നാത്തിന്‍ തജ്‌രീ മിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' തുടങ്ങിയ വാചകങ്ങള്‍ ഖുര്‍ആനില്‍ വളരെയധികം തവണയുണ്ടല്ലോ. പതിനാല്‌ നൂറ്റാണ്ടു മുമ്പവതരിച്ച, ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായി നിലകൊള്ളേണ്ട, അമാനുഷികത അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തില്‍ ഒരേ വാചകങ്ങള്‍ തന്നെ പലവുരു ആവര്‍ത്തിച്ചിരിക്കുന്നതിന്റെ സാംഗത്യമെന്താണ്‌? കാര്യങ്ങള്‍ സംക്ഷിപ്‌തമായും കാര്യമാത്ര പ്രസക്തമായും വൃഥാസ്ഥൂലത വരാതെയും സമര്‍പ്പിക്കുകയായിരുന്നില്ലേ ഖുര്‍ആന്‍ വേണ്ടിയിരുന്നത്‌?

ആരെ പ്രവാചകനാക്കണം, ഏത്‌ ഭാഷയില്‍ വേദഗ്രന്ഥമവതരിപ്പിക്കണം, വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നൊക്കെ അല്ലാഹുവാണ്‌ തീരുമാനിച്ചത്‌. ആ തീരുമാനത്തിന്റെ ന്യായവും പ്രസക്തിയും നമുക്ക്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. നമ്മുടെ അറിവിന്‌ ഏറെ പരിമിതിയുണ്ട്‌. മനുഷ്യര്‍ രചിക്കുന്ന വൈജ്ഞാനികവും കാല്‌പനികവും മറ്റുമായ ഗ്രന്ഥങ്ങളുടെ രൂപവും ക്രമവുമാണ്‌ നമുക്ക്‌ പരിചയമുള്ളത്‌. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ആദര്‍ശാധിഷ്‌ഠിതമായ ജീവിതം നയിച്ചാല്‍ ഇഹത്തിലും പരത്തിലും ധന്യത നല്‌കി പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധിയും ധിക്കാരിയുമായി ജീവിച്ചാല്‍ നാഥന്‍ ശാശ്വത ശിക്ഷ നല്‌കാന്‍ സാധ്യതയുണ്ടെന്ന്‌ താക്കീത്‌ നല്‌കാനുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഘടനാപരമായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാവുക സ്വാഭാവികമാണ്‌.

`വസഖ്‌ഖറശ്ശംസ-അജലിന്‍ മുസമ്മാ' എന്ന ഖുര്‍ആന്‍ വാക്യം ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ രണ്ടു ഘടകങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ``സൂര്യനെയും ചന്ദ്രനെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു. അവ ഓരോന്നും നിര്‍ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും'' എന്നാണ്‌ ഈ വാക്യത്തിന്റെ പരിഭാഷ. സൂര്യനെ ഭൂമിയില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ നിലകൊള്ളുന്നതും വ്യവസ്ഥാപിതമായി സഞ്ചരിക്കുന്നതുമായി പ്രപഞ്ചനാഥന്‍ വിധേയമാക്കിയതുകൊണ്ടാണ്‌ ഭൂമിയിലെ ജീവ-സസ്യജാലങ്ങള്‍ സമൃദ്ധമായി വളരുന്നതും നിലനില്‌ക്കുന്നതും. ചന്ദ്രഗതിയാണ്‌ ഭൂമിയിലെ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക്‌ നിദാനമായിട്ടുള്ളത്‌. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാലഗണനയ്‌ക്ക്‌ അടിസ്ഥാനമാകുന്നു. നിലാവിന്റെ മനോഹാരിത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ നാഥന്റെ അറിവിന്റെയും കഴിവിന്റെയും അനുഗ്രഹത്തിന്റെയും തെളിവെന്ന നിലയില്‍ സൗര-ചാന്ദ്ര വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. ഖുര്‍ആനിലെ 104 അധ്യായങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ ഈ വാക്യം വന്നിട്ടുള്ളൂ. ആകാശഗോളങ്ങളില്‍ നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രണ്ടെണ്ണത്തിന്റെ നിശ്ചിതമായ ഭ്രമണ പരിക്രമണങ്ങളെ സംബന്ധിച്ച്‌ നാലു തവണ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചത്‌ അസംഗതമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.

`ജന്നാത്തിന്‍ തജ്‌രീമിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' എന്നതിന്‌ `താഴ്‌ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍' എന്നാണര്‍ഥം. പരലോകത്തെ സ്വര്‍ഗീയ ഉദ്യാനങ്ങളെക്കുറിച്ചാണ്‌ ഈ പരാമര്‍ശം. അനന്ത കാലത്തേക്ക്‌ നല്ല മനുഷ്യര്‍ക്ക്‌ അല്ലാഹു നല്‌കുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ സംബന്ധിച്ച്‌ സന്തോഷവാര്‍ത്ത നല്‌കുക എന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്‌. ധര്‍മനിഷ്‌ഠയുള്ള വിശ്വാസികളുടെ മഹത്വങ്ങള്‍ വിവരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന അനര്‍ഘമായ സമ്മാനങ്ങളെക്കുറിച്ച്‌ അനേകം സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്‌. സ്വര്‍ഗീയ ഉദ്യാനങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌ അവയ്‌ക്ക്‌ കീഴിലൂടെ അരുവികള്‍ ഒഴുകുന്നു എന്നതാണ്‌. ഭൂമിയിലെ ഉദ്യാനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകത്വം ഉളവാക്കുന്നത്‌ പൊയ്‌കകളുടെയും ജലധാരകളുടെയും മറ്റും സാന്നിധ്യമാണല്ലോ. സല്‍കര്‍മകാരികളായ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‌കുന്ന ശാശ്വത സൗഭാഗ്യത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്‌ തികച്ചും ഉചിതമായ കാര്യമാകുന്നു. ആദര്‍ശജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ആദര്‍ശനിഷ്‌ഠയുടെ സദ്‌ഫലത്തെപ്പറ്റി യാതൊന്നും പറയാതിരിക്കുന്നതാണ്‌ അനൗചിത്യം.
from മുഖാമുഖം @ ശബാബ് വാരിക 

``പ്രവാചകന്മാര്‍ക്ക്‌ പറയാനുള്ളത്‌ പോരാട്ടങ്ങളുടെ ചരിത്രമാണ്‌. സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ്‌ അവര്‍ ജീവിച്ചത്‌. വിശ്വാസികളുടെ ജീവിതത്തില്‍ ഈ തുടര്‍ച്ച ഉണ്ടാവണം. സംയമനം പാലിക്കുക എന്ന മുദ്രാവാക്യം സുഖലോലുപതയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ചില പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും മുദ്രാവാക്യമാണ്‌'' -
തീവ്രവാദ സ്വഭാവമുള്ള ചില കക്ഷികളുടെ ഈ ആരോപണത്തെക്കുറിച്ച്‌ എന്തുപറയുന്നു?

ആനയെ കണ്ട അന്ധന്മാരുടെ മാതൃക പിന്തുടരുന്നവര്‍ക്ക്‌ ഇസ്‌ലാം എന്നാല്‍ രാഷ്‌ട്രമാണെന്നോ പോരാട്ടമാണെന്നോ ദിക്‌റാണെന്നോ സ്വലാത്താണെന്നോ നമസ്‌കാരമാണെന്നോ ഭക്തിയാണെന്നോ സമാധാനമാണെന്നോ മറ്റോ പറയാവുന്നതാണ്‌. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങളും അതിനപ്പുറമുള്ള മറ്റു പലതും ഉള്‍ക്കൊള്ളുന്ന ദൈവിക ജീവിതദര്‍ശനമാണ്‌ ഇസ്‌ലാം എന്നതാണ്‌ യാഥാര്‍ഥ്യം. എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടത്‌ ദൈവികമായ സത്യമതത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടിയാണ്‌. തെറ്റായ വിശ്വാസാചാരങ്ങളും ജീവിത രീതികളും പിന്തുടരുന്നവരായിരുന്നു ഏത്‌ നാട്ടിലെയും ഏത്‌ കാലത്തെയും ഭൂരിപക്ഷം. അതിനാല്‍ പ്രവാചകന്മാരുടെ പ്രബോധനത്തെ അവര്‍ എതിര്‍ക്കുക സ്വാഭാവികമായിരുന്നു. മുന്‍വിധികളില്ലാത്ത സത്യാന്വേഷികള്‍ മാത്രമാണ്‌ മിക്കപ്പോഴും പ്രവാചകന്മാരുടെ ആഹ്വാനം സ്വീകരിച്ചത്‌. പ്രവാചകന്മാരെയും സത്യവിശ്വാസികളെയും നിഷേധികള്‍ ശക്തമായി എതിര്‍ത്തതുകൊണ്ട്‌ പലപ്പോഴും സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും പൂര്‍വ പ്രവാചകന്മാരാരും സ്വന്തം നിലയില്‍ സംഘര്‍ഷമുണ്ടാക്കിയതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല.
മുഹമ്മദ്‌ നബി(സ) പ്രവാചകത്വ ലബ്‌ധിക്കുശേഷം പതിമൂന്നു വര്‍ഷം മക്കയിലാണ്‌ ജീവിച്ചത്‌. അക്കാലത്ത്‌ അദ്ദേഹവും ന്യൂനപക്ഷമായിരുന്ന വിശ്വാസികളും പല തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ പോരാട്ടത്തിനൊന്നും ശ്രമിക്കാതെ സംയമനം പാലിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇസ്‌ലാമിക ചരിത്രം സാമാന്യമായി പഠിച്ചവര്‍ക്കെല്ലാം അറിയാം. അവര്‍ സംയമനം പാലിച്ചത്‌ സുഖലോലുപ ജീവിതം നയിക്കാന്‍ വേണ്ടിയല്ല, സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കാതെ സത്യപ്രബോധനം തുടരാന്‍ വേണ്ടിയാണ്‌. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ സത്യമതത്തെക്കുറിച്ച്‌ അന്വേഷിക്കാനും മനസ്സിലാക്കാനുമുള്ള താല്‌പര്യം കുറയുകയാണ്‌ ചെയ്യുകയെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും അറിയാം. മക്കയിലെ പീഡനം അസഹനീയമായപ്പോള്‍ നബി(സ)യും അനുചരരും മദീനയിലേക്ക്‌ പലായനം ചെയ്യുകയാണുണ്ടായത്‌. വീടും സ്വത്തും ജന്മനാടും വിട്ടുകൊണ്ടുള്ള പലായനത്തിലും സംയമനമാണ്‌, പോരാട്ടത്തിനുള്ള ഒരുക്കമല്ല തെളിഞ്ഞുകാണുന്നത്‌. മദീനയില്‍ നിന്ന്‌ നബി(സ)യും സ്വഹാബികളും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മിക്കവര്‍ക്കും അറിയാം. അതൊക്കെയും സത്യവിശ്വാസികള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു.
അതിനിടയിലും സംയമനത്തിലൂടെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അതു മുഖേന പ്രബോധന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നബി(സ) ശ്രമിച്ചിട്ടുണ്ട്‌. മദീനയിലെ വിവിധ ഗോത്രങ്ങളുമായി അദ്ദേഹം സന്ധിയിലേര്‍പ്പെട്ടതും ഹുദയ്‌ബിയയില്‍, വലിയ വിട്ടുവീഴ്‌ചകള്‍ ചെയ്‌തുകൊണ്ട്‌ മക്കയിലെ ശത്രുക്കളുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതും മക്കാ വിജയവേളയില്‍, മുമ്പ്‌ മുസ്‌ലിംകളെ ദ്രോഹിച്ചവര്‍ക്കെല്ലാം മാപ്പ്‌ നല്‌കിയതും സംയമനത്തിന്റെ അപാരമായ സാധ്യതകള്‍ സത്യപ്രബോധനത്തിന്‌ ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു.
ഇതിന്റെയൊക്കെ ഫലമായി അറേബ്യയുടെ പല ഭാഗങ്ങളിലും സമാധാനാന്തരീക്ഷം സംജാതമാവുകയും ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ കടന്നുവരികയും ചെയ്‌ത സംഭവം വിശുദ്ധ ഖുര്‍ആനില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട്‌ പോരാടാനല്ല, അവര്‍ക്ക്‌ സമാധാനമാശംസിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (25:63) അല്ലാഹു ആജ്ഞാപിക്കുന്നത്‌. ഇത്‌ എക്കാലത്തേക്കുമുള്ള അധ്യാപനമാണ്‌. അറിയുന്നവരും അറിയാത്തവരുമായ ആരെക്കണ്ടാലും `അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ) എന്ന്‌ പറയാനാണ്‌ നബി(സ) നിര്‍ദേശിച്ചത്‌. ഇതിന്‌ പകരം `നിങ്ങളെ ഞാന്‍ പോരാട്ടത്തിന്‌ വെല്ലുവിളിക്കുന്നു' എന്ന്‌ പറയുകയോ വാക്കിലും പ്രവൃത്തിയിലും സദാ ശത്രുതാഭാവം പ്രകടിപ്പിക്കുകയോ ആണ്‌ പ്രവാചകന്മാരുടെ പാരമ്പര്യമെന്ന്‌ സമര്‍ഥിക്കുന്നവര്‍ ദൈവിക മതത്തെ കീഴ്‌മേല്‍ മറിക്കുകയാണ്‌ ചെയ്യുന്നത്‌.
from മുഖാമുഖം @ ശബാബ് വാരിക

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌