ആദ്യകാലത്ത്‌ തന്നെ രണ്ടു വിഭാഗം ജിഹാദിന്റെ ആള്‍ക്കാരുണ്ടായിരുന്നുവെന്നും അതില്‍ ആക്രമണപരമായ ജിഹാദ്‌ മതരാഷ്‌ട്ര ഭരണത്തിന്‌ വേണ്ടി പോരാടുന്നവരാണെന്നും മറുവിഭാഗക്കാര്‍ ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കുന്ന സമാധാനപരമായ ജിഹാദിന്റെ ആള്‍ക്കാരാണെന്നുമാണ്‌ അവകാശപ്പെടുന്നത്‌. ഇസ്‌ലാമിക ഭരണത്തില്‍ അമുസ്‌ലിംകള്‍ ജിസ്‌യ (മതനികുതി) കൊടുക്കാനുള്ള വിധിയുണ്ടാകുമ്പോള്‍ അമുസ്‌ലിംകളെയെല്ലാം മുസ്‌ലിംകളാക്കി മാറ്റിയെടുക്കാന്‍ ജിഹാദ്‌ നടത്തേണ്ട കാര്യമില്ലെന്നാണ്‌ ജനാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്‌. മതം അല്ലാഹുവിന്‌ മാത്രമായി തീരുന്നതുവരെ സത്യനിഷേധികളോട്‌ യുദ്ധം ചെയ്യണമെന്ന നിയമം പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിടാന്‍ കൊണ്ടുവന്നതാണെന്നും ഒരു ബഹുസ്വര സമൂഹത്തില്‍ ആക്രമണപരമായ ജിഹാദ്‌ കാലഹരണപ്പെട്ടിരിക്കുന്നുവെന്നുള്ള അഭിപ്രായത്തോടുള്ള പ്രതികരണമെന്താണ്‌?
ജിഹാദ്‌ എന്ന പദത്തിന്‌ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട്‌ വിജയിക്കാനും മുന്നേറാനുമുള്ള ഊര്‍ജിതശ്രമം എന്നാണര്‍ഥം. ഇത്‌ കാലഹരണപ്പെടുന്ന പ്രശ്‌നമില്ല. സത്യം വ്യക്തമാക്കാനും അസത്യത്തില്‍ നിന്ന്‌ ആളുകളെ പിന്തിരിപ്പിക്കാനും വേണ്ടി യത്‌നിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനത്രെ. ഈ യത്‌നം തന്നെയും ജിഹാദിന്റെ അര്‍ഥപരിധിയില്‍ ഉള്‍പ്പെടുന്നതാണ്‌. പിശാചിന്റെയും പിണിയാളുകളുടെയും എതിര്‍പ്പുകളെ നേരിടാതെ ആര്‍ക്കും ഈ യത്‌നവുമായി മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല. ആ എതിര്‍പ്പുകളെ തരണം ചെയ്‌തുകൊണ്ട്‌ ദൈവിക സത്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ വ്യവസ്ഥയിലും ഏകാധിപത്യ വ്യവസ്ഥയിലുമെല്ലാം ശത്രുക്കളുണ്ടാകും. ശത്രുക്കളുടെ കൂട്ടത്തില്‍ ഏറെ അപകടകാരികളായ ചിലരുണ്ടാകും. അവരെ കാലികമായ യുദ്ധമുറയിലൂടെ തകര്‍ക്കുകയോ തളര്‍ത്തുകയോ ചെയ്യേണ്ടിവന്നേക്കാം. ചില ശത്രുക്കളെ അനുനയ തന്ത്രങ്ങളിലൂടെ സ്വാധീനിക്കേണ്ടതുണ്ടാകാം.
ഓരോ സന്ദര്‍ഭങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്‌: ``നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധി വിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുക തന്നെയില്ല'' (വി.ഖു 2:190). ``നല്ലതും ചീത്തയും സമമാവുകയില്ല. നല്ലത്‌ ഏതോ അതുകൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു'' (വി.ഖു 41:34). സായുധ പ്രതിരോധവും പ്രത്യാക്രമണവും അനിവാര്യമായിത്തീരുന്ന സാഹചര്യങ്ങളെ സംബന്ധിച്ചാണ്‌ 2:190ല്‍ പറഞ്ഞിട്ടുള്ളത്‌. ഏറ്റവും നല്ല പെരുമാറ്റം കൊണ്ട്‌ ശത്രുക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ചാണ്‌ 41:34ല്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. വ്യത്യസ്‌തമായ സാഹചര്യങ്ങള്‍ ഏത്‌ കാലത്തും ഏത്‌ നാട്ടിലും സംജാതമാകാനിടയുണ്ട്‌.
ഏത്‌ തരത്തിലുള്ള ജിഹാദാണെങ്കിലും അതിന്റെ ലക്ഷ്യം മതരാഷ്‌ട്ര സ്ഥാപനമല്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലനില്‌പാണ്‌. മുസ്‌ലിം സമൂഹം സ്വതന്ത്രമായി നിലനില്‌ക്കുമ്പോള്‍ അവരില്‍ അര്‍പ്പിതമാകുന്ന ബാധ്യതയാണ്‌ ഇസ്‌ലാമിക ഭരണക്രമം നടപ്പാക്കല്‍. ജിഹാദും ഇസ്‌ലാമിക നിയമങ്ങളും ജനാധിപത്യത്തിനോ മറ്റു പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ അനുസരിച്ച്‌ മാറിമറിയുന്നവയല്ല. ജനങ്ങളുടെ ലൗകിക കാര്യങ്ങള്‍ അവരുമായി കൂടിയാലോചിച്ചാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (42:38) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനെ ജനായത്തം എന്ന്‌ വിവക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ജനങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ മത-ധാര്‍മിക നിയമങ്ങള്‍ മാറ്റി മറിക്കാന്‍ അല്ലാഹുവോ റസൂലോ(സ) അനുവദിച്ചിട്ടില്ല.
ആരെയും മുസ്‌ലിമാക്കി മാറ്റാന്‍ വേണ്ടി ജിഹാദ്‌ നടത്താന്‍ ഇസ്‌ലാമില്‍ നിര്‍ദേശമില്ല. മതമെന്നാല്‍ പ്രധാനമായി വിശ്വാസവും ധര്‍മനിഷ്‌ഠയുമാണ്‌. അത്‌ രണ്ടും മനുഷ്യജീവിതത്തില്‍ സ്വയം പ്രചോദിതമായി ഉണ്ടാകേണ്ടതാണ്‌. നിര്‍ബന്ധിച്ച്‌ ഉണ്ടാക്കാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു''(വി.ഖു 2:256). ``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌''(വി.ഖു 18:29). ``അതിനാല്‍ നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല''(വി.ഖു 88:21,22). ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ ഉള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?''(വി.ഖു 10:99)
ജിസ്‌യഃ എന്നാല്‍ ഒരു വിധത്തിലുള്ള പ്രതിഫലം എന്നാണര്‍ഥം. ഇസ്‌ലാമിക ഭരണകൂടം തങ്ങളെ സംരക്ഷിക്കുകയും നിര്‍ബന്ധ സൈനികസേവനത്തില്‍ നിന്ന്‌ തങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതിന്‌ പ്രതിഫലമായി അമുസ്‌ലിം പ്രജകള്‍ നല്‌കേണ്ട പ്രതിഫലമാണിത്‌. ഇത്‌ മതനികുതിയല്ല. അമുസ്‌ലിംകളെ നിര്‍ബന്ധിച്ച്‌ മുസ്‌ലിംകളാക്കാനുള്ള ഉപായവുമല്ല.
`മതം അല്ലാഹുവിനു വേണ്ടി മാത്രമായിത്തീരുക' എന്നതിന്റെ താല്‌പര്യം ആരുടെയെങ്കിലും ബലാല്‍ക്കാരത്തിന്‌ വഴങ്ങി ആളുകള്‍ മതം സ്വീകരിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാവുകയും ലോകരക്ഷിതാവും പരിപാലകനുമായ അല്ലാഹുവിന്റെ മാത്രം പ്രീതി കാംക്ഷിച്ച്‌ സത്യമതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം കൈവരുകയും ചെയ്യുക എന്നാണ്‌. ഏതൊരാള്‍ക്കും താന്‍ ഇഷ്‌ടപ്പെട്ട മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം നല്‌കപ്പെടുന്ന നാടുകളില്‍ ആദര്‍ശ സ്വാതന്ത്ര്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യേണ്ടിവരില്ല എന്ന കാര്യം വ്യക്തമാണ്‌. ഇതിന്റെയൊന്നും അര്‍ഥം ഇസ്‌ലാമിക നിയമം കാലഹരണപ്പെടുമെന്നല്ല. ഓരോ നിയമത്തിനും അത്‌ പ്രസക്തമാകുന്ന സ്ഥലകാല സാഹചര്യങ്ങളുണ്ടാകും.
from മുഖാമുഖം @ ശബാബ് 

One Response so far.

  1. pkdfyz says:

    http://palakkadann.blogspot.in/
    എന്താണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്‌ ??

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌