``ഹിന്ദുമതം പോലെയാണ്‌ മറ്റു മതങ്ങളും. ഓരോ തെറ്റിനും വലിയ ശിക്ഷകള്‍ വിധിച്ച്‌ മരണാനന്തരം നടപ്പിലാക്കുന്ന രീതിയാണ്‌ ഓരോ മതത്തിനുമുള്ളത്‌. അത്‌ വാസ്‌തവമല്ലെന്ന്‌ ഉത്തമ ബോധ്യമുള്ളതിനാലാണ്‌ പുരോഹിതന്മാര്‍ പോലും തെറ്റുചെയ്യുന്നത്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്‌ സ്വര്‍ഗരാജ്യമെന്ന്‌ വിശ്വാസികളോട്‌ പറയുന്ന ക്രൈസ്‌തവ പുരോഹിതന്മാര്‍ അധ്വാനിക്കുകയോ ഭാരംചുമക്കുകയോ ചെയ്യാറില്ലല്ലോ. നരകം പോലെ തന്നെ സ്വര്‍ഗവും മിഥ്യയാണ്‌. മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്‌. ശാസ്‌ത്രം തരിമ്പു പോലും അത്‌ വിശ്വസിച്ചിട്ടില്ല. മരണാനന്തരമുള്ള സ്വര്‍ഗ-നരക വാസങ്ങളും അബദ്ധമാണ്‌. അവിശ്വാസികള്‍ക്ക്‌ നരകം ഉറപ്പാണെന്ന്‌ എല്ലാ മതങ്ങളും പറയുന്നു. ഒരു മതവിശ്വാസിയെ സംബന്ധിച്ച്‌ മറ്റു മതവിശ്വാസികളെല്ലാം അവിശ്വാസികളാണ്‌. അങ്ങനെയാണെങ്കില്‍ മതവിശ്വാസികള്‍ ഉണ്ടെന്ന്‌ പറയുന്ന നരകത്തില്‍ പരേതരെല്ലാം ഉണ്ടാകണമല്ലോ.'' (ജനയുഗം ദിനപത്രത്തില്‍ 17-07-2010 ന്‌ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌)
മേല്‍ പറഞ്ഞ കണ്ടെത്തലിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

മാനവരാശിയെ സകല നന്മകളിലേക്കും നയിക്കാന്‍ വേണ്ടി പ്രപഞ്ചനാഥന്‍ കാലാകാലങ്ങളില്‍ വിവിധ സമൂഹങ്ങളിലേക്ക്‌ നിയോഗിച്ച പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത അഭൗതിക വിഷയമാണ്‌ പരലോക ജീവിതം. അതുകൊണ്ടാണ്‌ എല്ലാ മതങ്ങളിലും ഇത്‌ സംബന്ധിച്ച വിശ്വാസം നിലനില്‌ക്കുന്നത്‌. പ്രവാചകന്മാര്‍ പഠിപ്പിച്ചതിന്‌ പുറമെ ഭാവനാശാലികള്‍ പറഞ്ഞുണ്ടാക്കിയ കല്‌പിത കഥകളും ഈ വിഷയകമായി ചില സമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്‌.
സാക്ഷാല്‍ സ്വര്‍ഗവും നരകവും ഈ ഭൗതിക ലോകത്തല്ല; ഈ ലോകം അവസാനിച്ച ശേഷം പ്രപഞ്ചനാഥനായ അല്ലാഹു ഒരുക്കുന്ന ശാശ്വതമായ മറ്റൊരു ലോകത്താണെന്നത്രെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ പറയുന്നത്‌. അതിനാല്‍ ഭൗതിക പ്രതിഭാസങ്ങള്‍ മാത്രം കണ്ടെത്താന്‍ ഉപകരിക്കുന്ന ശാസ്‌ത്രത്തിന്റെ അന്വേഷണോപാധികള്‍ മുഖേന പരലോകത്തെ സംബന്ധിച്ച്‌ യാതൊന്നും അറിയാന്‍ കഴിയില്ല. എന്നാല്‍ പ്രപഞ്ചത്തെ പഠിക്കാനും ഭൗതിക വിസ്‌മയങ്ങള്‍ കണ്ടെത്താനും അറിവ്‌ നല്‌കപ്പെട്ട, ബൃഹത്തായ ജീവിതോപാധികള്‍ സ്വായത്തമാക്കാന്‍ കഴിവ്‌ നല്‌കപ്പെട്ട മനുഷ്യന്‍ മരണത്തോടെ വട്ടപ്പൂജ്യമായിത്തീരരുതെന്നും, മഹാന്മാര്‍ അനശ്വരരായിത്തീരണമെന്നും പലര്‍ക്കും ആഗ്രഹമുണ്ട്‌. പലരും `അമര്‍ രഹെ' ആശംസിക്കാറുണ്ട്‌. `അദ്ദേഹം അനശ്വരതയിലേക്ക്‌ യാത്രയായി' എന്ന്‌ ചരമക്കുറിപ്പുകളില്‍ രേഖപ്പെടുത്താറുണ്ട്‌. പരലോകം സത്യമല്ലെങ്കില്‍ ഇതൊക്കെ അര്‍ഥശൂന്യമായ വാക്കുകള്‍ മാത്രമായിരിക്കും.
പ്രവാചകന്മാര്‍ പഠിപ്പിച്ച മതത്തില്‍ പുരോഹിതന്മാര്‍ എന്നൊരു ഉല്‍കൃഷ്‌ട വിഭാഗമോ അവര്‍ക്ക്‌ പ്രത്യേക അവകാശങ്ങളോ ഇല്ല. നന്മ ചെയ്‌ത എല്ലാവര്‍ക്കും സല്‍ഫലം. തിന്മ ചെയ്‌തിട്ട്‌ പശ്ചാത്തപിക്കാത്തവര്‍ക്ക്‌ ശിക്ഷ. ഇതാണ്‌ ദൈവിക മതത്തിന്റെ അധ്യാപനം. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും അധിപന്‍ ലോകരക്ഷിതാവാണ്‌. ആരെയൊക്കെ സ്വര്‍ഗത്തിലാക്കണമെന്നും ആരെയൊക്കെ നരകത്തിലാക്കണമെന്നും അവനാണ്‌ തീരുമാനിക്കുന്നത്‌. പുരോഹിതന്മാരോ മതനേതാക്കളോ പരലോകം സംബന്ധിച്ച്‌ തീരുമാനാധികാരമുള്ളവരല്ല. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുന്നവര്‍ സ്വര്‍ഗാവകാശികളായിരിക്കുമെന്നും ഇതര ദൈവങ്ങളെ ആരാധിക്കുന്നവരും അവരോട്‌ പ്രാര്‍ഥിക്കുന്നവരും നരകാവകാശികളായിരിക്കുമെന്നും വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളതാണ്‌. സ്വര്‍ഗം ഏതെങ്കിലുമൊരു സമുദായക്കാര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന്‌ പ്രവാചകന്മാരാരും പഠിപ്പിച്ചിട്ടില്ല.
പരലോക വിശ്വാസികള്‍ക്ക്‌ മൗലികമായ യാതൊരു നഷ്‌ടവും ഇഹത്തിലോ പരത്തിലോ സംഭവിക്കാനില്ല. കാരണം, പരലോകത്തിന്‌ വേണ്ടി ഒരു വിശ്വാസി ചെയ്യേണ്ടത്‌ സല്‍പ്രവൃത്തികള്‍ പരമാവധി അനുഷ്‌ഠിക്കുകയും ദുഷ്‌പ്രവൃത്തികള്‍ പരമാവധി ഉപേക്ഷിക്കുകയുമാണ്‌. ഇങ്ങനെയുള്ള ഒരു ജീവിതരീതി സ്വീകരിച്ചാല്‍ ഇഹലോകത്തും സല്‍ഫലമാണ്‌ ഉണ്ടാവുക. ദൈവികമതത്തില്‍ വിലക്കിയ ദുര്‍വൃത്തികള്‍ ചെയ്യുന്നവര്‍ക്ക്‌ ആത്യന്തികമായി കഷ്‌ടനഷ്‌ടങ്ങളേ ഉണ്ടാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പരലോക മോക്ഷത്തിന്‌ ഉതകുന്ന കാര്യങ്ങളൊക്കെ ഇഹലോകത്ത്‌ ക്ഷേമത്തിനും സൗഖ്യത്തിനും ഉപകരിക്കുന്നതാണ്‌. അതിനാല്‍ പരലോക വിശ്വാസം നിരാശയ്‌ക്കോ നഷ്‌ടബോധത്തിന്നോ ഒരിക്കലും നിമിത്തമാവുകയില്ല. എന്നാല്‍ പരലോകത്തെ നിഷേധിക്കുന്നവന്‌ മരണം മുതല്‍ എന്നെന്നേക്കുമായി കഷ്‌ടനഷ്‌ടങ്ങളായിരിക്കും. ഇഹലോകത്തേക്ക്‌ തിരിച്ചുവരാനോ തെറ്റു തിരുത്താനോ അവസരം ലഭിക്കുകയേ ഇല്ല. പരലോകശിക്ഷ പേടിക്കാതെ താന്തോന്നിത്ത ജീവിതം നയിച്ചാല്‍ മാനസിക സംഘര്‍ഷവും ശാരീരിക രോഗങ്ങളുമായിരിക്കും ഫലം. ഇഹലോകക്ഷേമവും പരലോക മോക്ഷവും ഒരുപോലെ നഷ്‌ടപ്പെടുക എന്നതാണ്‌ യുക്തിവാദത്തിന്റെ ഫലമെങ്കില്‍ അതിനെക്കാള്‍ വലിയ ദുരന്തമെന്താണ്‌?

from Mukhaamukham @ Shabab

2 Responses so far.

  1. മതത്തില്‍ വിശ്വസിക്കാത്തവര്‍ അല്ല ഇവിടെ അക്രമങ്ങളും തിന്മയും ചെയ്യുന്നത്. മോഷ്ടിക്കാന്‍ പോകുമ്പോഴും ദൈവാനുഗ്രഹം ആവശ്യപ്പെട്ടതിന് ശേഷമാണ് കള്ളന്മാര്‍ പുറപ്പെടുന്നത് എന്ന് വായിച്ചിട്ടുണ്ട്. വിശ്വാസികള്‍ അല്ലാത്തവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് മനസ്സില്‍ നന്മ ഉള്ളത് കൊണ്ടാണ്. അല്ലാതെ വിശ്വാസികളെ പോലെ പരലോകത്ത് കിട്ടാവുന്ന സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടിയല്ല. അപ്പോള്‍ ആരാണ് കൂടുതല്‍ നല്ലവര്‍ ?

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌