"അല്ലാഹു നിങ്ങള്ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാകുകയും ചെയ്തു", "ഭൂമിയിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്" [ഖുര്‍ആന്‍]

ഇസ്ലാം ശാസ്ത്രീയ സത്യങ്ങളുമായും കണ്ടുപിടിത്തങ്ങളുമായും പൊരുത്തപ്പെട്ടു പോകില്ലെന്നതിനു മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമായ തെളിവല്ലേ? ഭൂമിയും മറ്റും ഗോളാകൃതിയാണെന്ന് ഖുര്‍ആനിലെവിടെയെങ്കിലും സൂചനയുണ്ടോ? ശാസ്ത്രസത്യങ്ങളെ നിരാകരിച്ച മധ്യകാല കൃസ്ത്യന്‍ വിശ്വാസത്തെപ്പോലെ ഇസ്ലാമും ശാസ്ത്രവുമായി സമരസപ്പെട്ടു പോകാന്‍ കഴിയാത്ത മതമല്ലേ? 

ഭൂമി ഒരു ഗോളമാണെന്നത് പോലെതന്നെ സത്യമാണ് ഭൂമിയിലെ പരപ്പ്. പരന്ന പ്രതലത്തിലാണ് നാം ഇരിക്കുന്നതും നടക്കുന്നതും കളിക്കുന്നതും കെട്ടിടമുണ്ടാക്കുന്നതും വാഹനമോടിക്കുന്നതും. വിശുദ്ധ ഖുര്‍ആന്‍ ആകാശ ഭൂമികളെ സംബന്ധിച്ച് സംസാരിക്കുന്നത് നമുക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുവാനും അവന്റെ കഴിവിന്റെ തെളിവുകള്‍ ചൂണ്ടിക്കാണിക്കുവാനുമാണ്. അതിനാലാണ്, ഭൂമിയെ നമ്മുടെ സുഖ ജീവിതത്തിനു പര്യാപ്തമായ മെത്തയോ വിരിപ്പോ ആക്കിയ കാര്യവും നമ്മുടെ എല്ലാ സംവിധാനങ്ങളും സ്ഥാപിക്കാനുധകുംവിധം നിരപ്പുള്ളതാക്കിയ കാര്യവും അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്.

ഭൂതലത്തിനപ്പു റത്തേക്ക് ചിന്ത വ്യാപരിക്കുമ്പോഴാണ് ഭൂമിയുടെ ഗോളാകൃതിക്കു തെളിവുകള്‍ ലഭിക്കുന്നത്. സൂര്യ ചന്ദ്രന്മാരുടെ ഉദയാസ്തമനങ്ങള്‍ , ദിനരാത്രമാറ്റങ്ങള്‍ എന്നീ കാര്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് വിശുദ്ധ ഖുര്‍ആനിലും ഭൂമിയുടെ ഗോളാവസ്ഥ പരിഗണിച്ചിട്ടുണ്ട്. "രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു" (39:5]. ഒരു പരന്ന വസ്തുവിന്മേല്‍ മാറിമാറി വരുന്ന പ്രതിഭാസങ്ങളായിട്ടല്ല; ഒരു ഗോളത്തിന്മേല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കാര്യങ്ങളായിട്ടാണ് ഈ വചനം രാപ്പകലുകളെ വിലയിരുത്തുന്നത്. "ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍" [73:9], "രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍" [55:17], "ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ" [70:40] എന്നീ വചനങ്ങളിലും ഒരു പരന്ന പ്രതലത്തില്‍ അനുഭവപ്പെടുന്ന ഉദയവും അസ്തമനവുമല്ല ഈ വാക്യങ്ങളില്‍ പരാമര്‍ശിക്കുന്നത്.

ഒരു സ്ഥലത്ത് താമസിക്കുന്ന വ്യക്തിക്ക് ഒരിടത്ത് സൂര്യന്‍ ഉദിക്കുകയും മറ്റൊരിടത്ത്‌ അസ്തമിക്കുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഭൂമിയുടെ വിവിധ മേഘലകളില്‍ താമസിക്കുന്ന കുറെപേരെ പരിഗണിക്കുമ്പോള്‍ അവര്‍ക്കെല്ലാം വ്യതസ്തങ്ങളായ ഉദയാസ്തമനസ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നു. മശ്രിക്വു, മശ്രിക്വൈന്‍, മശാരിക്വു, മഗ്രിബ്, മഗ്രിബൈന്‍, മഗാരിബ് എന്നിങ്ങനെ ഏക വചനമായും ദ്വിവചനമായും ബഹുവചനമായും പ്രയോഗിച്ചതില്‍ നിന്നും ഗോളാകൃതിയിലുള്ള ഭൂമിയില്‍ കറങ്ങിവരുന്ന ഉദയവും അസ്തമയവുമാണ് ഇസ്ലാം പരിഗണിച്ചതെന്നു വ്യക്തമാകുന്നു. "സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു" [36:40] എന്ന വചനവും ദിനരാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ഗോളതിന്‍മേല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങള്‍ എന്ന നിലയിലാകുന്നു.

by ചെറിയമുണ്ടം അബ്ദുല്‍ഹമീദ് @ ഇസ്ലാം : വിമര്‍ശനങ്ങളും മറുപടിയും from യുവത ബുക്സ് 

One Response so far.

  1. ഭൂമി ഉരുണ്ടതാണ് എന്ന് ഒരു വരിയില്‍ പറഞ്ഞിരുന്നെങ്കില്‍; ഇങ്ങിനെ വ്യാഖാനിച്ച് ഉരുട്ടേണ്ടിവരില്ലായിരുന്നു.

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌